Home Cinema ആധുനിക ഇന്ത്യയുടെ കനപ്പെട്ട രാഷ്ട്രീയവുമായി രജനീയുടെ കാല

ആധുനിക ഇന്ത്യയുടെ കനപ്പെട്ട രാഷ്ട്രീയവുമായി രജനീയുടെ കാല

2 second read
0
144

രജനീകാന്ത് എന്ന താരത്തിന്‍റെ ഓണ്‍-സ്ക്രീന്‍ അമാനുഷികതയേക്കാള്‍ അദ്ദേഹത്തിലെ നടനെ പരിഗണിച്ച ചിത്രമായിരുന്നു കബാലി. സാധാരണ തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലെ നായകന്മാരില്‍നിന്ന് വ്യത്യസ്‍തനായിരുന്നു രജനിയുടെ കബലീശ്വരന്‍. അധോലോകം പശ്ചാത്തലമായിരുന്നപ്പോള്‍ത്തന്നെ മാനുഷികമായ വികാരവിചാരങ്ങളും കുറവുകളുമൊക്കെയുള്ള നായകനായിരുന്നു കബാലിയിലേത്. രജനിയുടെ മാനം മുട്ടുന്ന സ്ക്രീന്‍ ഇമേജിനെ കയറൂരി വിടാതെ പ്രേക്ഷകരില്‍ ഏറ്റവും സ്വാധീനശേഷിയുള്ള ഇന്ത്യന്‍ താരത്തെ തനിക്ക് വേണ്ടുംവിധം ഉപയോഗിച്ച ഒരു സംവിധായകന്‍റെ സാന്നിധ്യമുണ്ടായിരുന്നു ചിത്രത്തില്‍. കബാലിയില്‍ രഞ്ജിത്ത് പറഞ്ഞുവെച്ച ദളിത്, അധ്വാനവര്‍ഗ്ഗ രാഷ്ട്രീയത്തെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോവുകയും പ്രേക്ഷകരോട് അടുപ്പിക്കുകയുമാണ് കാല. കബാലിയേക്കാള്‍ കാര്യക്ഷമവും എന്‍റര്‍ടെയിനിങ്ങുമായ രീതിയില്‍.

കബലീശ്വരന്‍റെ പ്രവര്‍ത്തനമേഖല ക്വാലലംപൂര്‍ ആയിരുന്നെങ്കില്‍ ‘കരികാലന്‍റേ’ത് മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയാണ്. മലയാളമടക്കം മിക്കവാറും ഇന്ത്യന്‍ ഭാഷാചിത്രങ്ങളിലൊക്കെ മുംബൈയും അവിടുത്തെ അധോലോകവും പരാമര്‍ശിക്കപ്പെടുമ്പോള്‍ കടന്നുവരാറുള്ളതാണ് ധാരാവി റഫറന്‍സുകള്‍. ചേരിയിലെ മനുഷ്യരുടെ അന്തകനായോ രക്ഷകനായോ, എങ്ങനെ അവതരിച്ചാലും നായകന്‍റെ സാഹസികതാ പ്രകടനത്തിനുള്ള പശ്ചാത്തലം മാത്രമായിരുന്നു മിക്കപ്പോഴും ആ പ്രദേശം. എന്നാല്‍ ഒരു അധോലോകനായകനെ അവതരിപ്പിക്കാനുള്ള കേവല പശ്ചാത്തലമല്ല കാലയിലെ ധാരാവി. മറിച്ച് ഫ്ലാറ്റ് പണിഞ്ഞുതരാമെന്നും ജീവിതം അടിമുടി ‘വികസിപ്പി’ക്കാമെന്നുമുള്ള മോഹനവാഗ്‍ദാനവുമായി ചേരി ഒഴിപ്പിക്കാനെത്തുന്ന ഭരണകൂട-കോര്‍പറേറ്റ് സംഘത്തോട് കാല എന്ന അധോലോക നായകനെ മുന്‍നിര്‍ത്തി ചേരിനിവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിലൂടെ ആധുനിക ഇന്ത്യയുടെ കനപ്പെട്ട രാഷ്ട്രീയം പറയുകയാണ് പാ.രഞ്ജിത്ത്.ഹാജി മസ്‍താനും വരദരാജ മുതലിയാരുമടക്കം തമിഴ്‍നാട്ടില്‍ നിന്ന് കുടിയേറി പിന്നീട് മുംബൈ അധോലോകത്തിന്‍റെ ഭാഗമായ പലരുടെ ഛായയുണ്ട് കരികാലന്‍റെ പാത്രരൂപീകരണത്തില്‍. എന്നാല്‍ സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നതുപോലെ ഏതെങ്കിലും ഒരാളുടെ ജീവചരിത്രവുമല്ല അത്. ‘മഹാരാഷ്ട്ര നാഷണലിസ്റ്റ് പാര്‍ട്ടി’ എന്നാണ് സിനിമയിലെ മറാഠാവാദ രാഷ്ട്രീയം പറയുന്ന കക്ഷിയുടെ പേര്. ‘ശുദ്ധ മുംബൈ’ എന്നതാണ് അതിന്‍റെ പരമോന്നത നേതാവായ, ബാല്‍ താക്കറുടെയും ഉദ്ധവ് താക്കറെയുടെയുമൊക്കെ ഛായയുള്ള, ഹരിദേവ് അഭയങ്കറിന്‍റെ (നാന പടേക്കര്‍) വാഗ്‍ദാനം. ‘ശുദ്ധീകരണ’ത്തിന്‍റെ ഭാഗമാണ് അയാള്‍ക്ക് ചേരിയൊഴിപ്പിക്കലും. ചേരിയില്‍ ജീവിക്കുന്ന കറുത്ത മനുഷ്യരും ചേരി തന്നെയും ഇരുട്ടാണെന്നും അതിനെ പ്രകാശമാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നുമൊക്കെ പ്രസംഗിക്കുന്ന അഭയങ്കറിലൂടെ തീവ്രമായ പ്രാദേശികതയും ദേശീയതയുമൊക്കെ ആത്യന്തികമായി കോര്‍പറേറ്റുകള്‍ക്കുള്ള പാദസേവ മാത്രമാണെന്ന് പാ.രഞ്ജിത്ത് നിരീക്ഷിക്കുന്നു. ഒപ്പം ഭൂമിയുടെ ഉടമസ്ഥാവകാശം എത്തരത്തിലാണ് കാലാകാലങ്ങളായി അധികാരത്തെ നിര്‍ണയിച്ച് പോരുന്നതെന്നും.

കനപ്പെട്ടരാഷ്ട്രീയമാണ് പറയുന്നതെങ്കിലും തീയേറ്ററില്‍ ഒരു രജനിപ്പടം കാണാന്‍ ആദ്യദിനമെത്തിയ പ്രേക്ഷകനെയും മുഖവിലയ്ക്കെടുത്താണ് പാ.രഞ്ജിത്ത് ചിത്രമൊരുക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയുമൊക്കെ നേടിയിരുന്നെങ്കിലും എല്ലാത്തരം കാണികള്‍ക്കും തൃപ്‍തി നല്‍കാതെപോയി എന്ന കബാലി അനുഭവത്തില്‍ നിന്ന് അദ്ദേഹം പാഠം ഉള്‍ക്കൊണ്ടതുപോലെയുണ്ട്. 2 മണിക്കൂര്‍ 47 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരിക്കല്‍ പോലും ഇഴച്ചില്‍ അനുഭവിപ്പിച്ചില്ല. പ്ലോട്ടും പശ്ചാത്തലവുമൊക്കെ ഇന്ത്യന്‍ സിനിമയില്‍ എത്രയോ ആവര്‍ത്തിച്ചതെങ്കിലും പറയുന്ന കാര്യത്തിലെ സത്യസന്ധതയും കാഴ്‍ചപ്പാടും ബോധ്യപ്പെടുത്തുന്നതിനാലാവും അത്. സിനിമയിലെ കഥാപാത്രങ്ങളിലല്ല, മറിച്ച് തെരുവുകളിലെ യഥാര്‍ഥ മനുഷ്യരുടെ ദൃശ്യങ്ങളിലാണ് സിനിമയുടെ തുടക്കവും ഒടുക്കവും. ആദവന്‍ തീത്ചന്യയുമായി ചേര്‍ന്ന് സംവിധായകന്‍റേത് തന്നെയാണ് തിരക്കഥ.ഗൌരവമുള്ള വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ കഥാപാത്ര പേച്ചുകളിലൂടെ ആ ‘കനം’ കാണിയെ ബോധ്യപ്പെടുത്തുന്ന നമ്മുടെ സിനിമകളുടെ സാധാരണ ശീലത്തിലല്ല കാല. പോപ്പുലര്‍ സിനിമാ ഫോര്‍മാറ്റ് തന്നെയാണ് പിന്‍തുടര്‍ന്നിരിക്കുന്നതെങ്കിലും മീഡിയം കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ പാ.രഞ്ജിത്ത് കബാലിയെ മറികടന്നിരിക്കുന്നു.

ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനും ആര്‍ട്ട് ഡയറക്ഷനുമൊക്കെ എടുത്തുപറയേണ്ടതാണ്. ഉദാഹരണത്തിന് ‘എംഎന്‍പി’ നേതാവായ നാന പടേക്കര്‍ കഥാപാത്രം പൂര്‍ണമായും സ്ക്രീനിലേക്ക് വെളിപ്പെടുന്നത് ഇന്‍റര്‍വെല്ലിന് മുന്‍പായാണ്. എന്നാല്‍ തുടക്കം മുതല്‍ മുംബൈയിലെ തെരുവുകളിലുള്ള കൂറ്റന്‍ കട്ടൌട്ടുകളിലൂടെ അയാള്‍ സിനിമ കണ്ടിരിക്കുന്നവരില്‍ സാന്നിധ്യമാവുന്നുണ്ട്. സിനിമയിലെ ധാരാവി ഭൂരിഭാഗവും ചെന്നൈയില്‍ സെറ്റിട്ടതാണെന്ന് സിനിമ കണ്ട് ഒരാള്‍ മനസിലാക്കില്ല. 

ആര്‍ട്ട് ഡയറക്ഷനിലോ പ്രൊഡക്ഷന്‍ ഡിസൈനിലോ മാത്രമല്ല, രചനാഘട്ടം മുതല്‍ സംവിധായകന്‍ പുലര്‍ത്തിയ സൂക്ഷ്‍മതയും ഒളിപ്പിച്ചുവച്ച കൌതുകങ്ങളും എമ്പാടുമുണ്ട് ചിത്രത്തില്‍. ചേരി ഒഴിപ്പിച്ച് ഫ്ലാറ്റ് പണിതുകൊടുക്കാനെത്തുന്ന കമ്പനിയുടെ പേര് ‘മനു’ റിയല്‍റ്റി എന്നാണ്. മഹാരാഷ്ട്രയില്‍ ജനിച്ച രജനീകാന്തിനെ തമിഴ്‍നാട്ടില്‍നിന്നെത്തി ധാരാവിയുടെ രാജാവായ ആളായി അവതരിപ്പിച്ചപ്പോള്‍ അയാളോട് അടുപ്പമുള്ള ഒരു പൊലീസുകാരന്‍റെ പേര് ശിവാജി റാവു ഗെയ്ക്ക്‍വാദ് എന്നാണ്. ഇങ്ങനെയുള്ള നുറുങ്ങ് കാര്യങ്ങളെല്ലാം ചേര്‍ന്ന് ഓരോ ഫ്രെയ്‍മിലും തന്‍റെ സിനിമയുടെ പ്ലോട്ടിനെ മുറുക്കമുള്ളതും ആസ്വാദ്യകരവുമാക്കിയിട്ടുണ്ട് രഞ്ജിത്ത്. ചിത്രത്തിന്‍റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. സാധാരണ സൂപ്പര്‍താര തമിഴ് ചിത്രങ്ങളിലേതുപോലെ ഫ്രെയിം ‘റിച്ച്’ ആക്കുന്നതിന് പകരം പറയാനുള്ളത് കൂടുതല്‍ മൂര്‍ച്ഛയോടെ പറയാനാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്. ചുറ്റിനില്‍ക്കുന്ന നഗരം പ്രകാശപൂരിതമായിരിക്കുമ്പോള്‍ ധാരാവിയിലെ മാത്രം വൈദ്യുതി നിലയ്ക്കുന്നതിന്‍റെ ഏരിയല്‍ ഷോട്ടൊക്കെ തീയേറ്റര്‍ വിട്ടാലും മനസ്സില്‍ മായാതെ നില്‍ക്കും. സിനിമയുടെ പേരില്‍ത്തന്നെയുള്ള ‘കറുപ്പ്’ നൈറ്റ് സീക്വന്‍സുകളില്‍ പലതിലും ഇരുട്ടായി മുരളി.ജിയുടെ ക്യാമറ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്.സമീപകാല അഭിനയജീവിതത്തില്‍ രജനിയിലെ നടന് ആശ്വാസമേകിയ ചിത്രമായിരുന്നു കബാലി. കാലയിലെത്തുമ്പോഴും അങ്ങനെ തന്നെ. സാധാരണ ഒരു രജനി ചിത്രത്തില്‍ അതിഭാവുകത്വത്തിലേക്ക് പോകാവുന്ന പല സീക്വന്‍സുകളും ഇവിടെ റിയലിസ്റ്റിക് ആണ്, ഫൈറ്റ് സീനുകള്‍ ഒഴികെ. ആദ്യദിന പ്രേക്ഷകരെ ഇളക്കിമറിക്കാനുള്ള അനാവശ്യ ഘടകങ്ങള്‍ മിക്കവാറും അകന്നുനില്‍ക്കുന്ന ചിത്രത്തില്‍ അതിനുതക്ക പ്രകടനമാണ് രജനിയുടേത്. രാമ-രാവണ ദ്വന്ത്വം എന്ന മാതൃകയിലാണ് രജനിയുടെയും നാനാ പടേക്കറുടെയും കഥാപാത്രങ്ങളെ അവസാനമാകുമ്പോഴേക്കും സിനിമ പരിഗണിക്കുന്നത്. എന്നാല്‍ ഇവിടെ രജനി കഥാപാത്രം രാവണനും അയാള്‍ നായകസ്ഥാനത്തുമാണെന്ന് മാത്രം. നാനാ പടേക്കറുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അഭയങ്കാര്‍. മികച്ച അണ്ടര്‍പ്ലേ പ്രകടനമാണ് അദ്ദേഹത്തിന്‍റേത്. കാലയുടെ ഭാര്യയായി ഈശ്വരി റാവു, പഴയ കൂട്ടുകാരിയായി ഹുമാ ഖുറേഷി തുടങ്ങി സമുദ്രക്കനി, അഞ്ജലി പട്ടീല്‍ എന്നിവരുടേതൊക്കെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയ കാസ്റ്റിംഗും പ്രകടനവുമാണ്. 

ശരീരമാണ് നമ്മുടെ കയ്യിലുള്ള ഒരേയൊരു ആയുധമെന്നും അതുവച്ച് ഒത്തുചേരണമെന്നുമൊക്കെ ചേരി നിവാസികളോട് ആഹ്വാനം ചെയ്യുന്ന കരികാലന്‍റെ അഭിപ്രായമല്ല അത്തരം സമരങ്ങളോട് രജനീകാന്ത് എന്ന താരത്തിനുള്ളതെന്ന് കാല തീയേറ്ററിലെത്തുമ്പോഴുള്ള മറ്റൊരു കൌതുകം. രജനീകാന്ത് കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുള്ളപ്പോള്‍ത്തന്നെ കാല ഒരു പാ.രഞ്ജിത്ത് ചിത്രമാവുന്നതും അതുകൊണ്ടാണ്. ഇത്രയും പൊളിറ്റിക്കല്‍ ആയൊരു സിനിമ പോപ്പുലര്‍ ഫോര്‍മാറ്റില്‍ എത്തുന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. സാങ്കേതികമായി ഉന്നതനിലവാരം കൂടിയുള്ളതിനാല്‍ തീയേറ്ററുകളില്‍ത്തന്നെ കാണേണ്ട സിനിമ.

Load More By malayalavanijyam
Load More In Cinema

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…