Home Cinema ജോൺ എബ്രഹാമിന്റെ പരമാണു :ഇന്ത്യൻ സിനിമയുടെ അഭിമാനം.

ജോൺ എബ്രഹാമിന്റെ പരമാണു :ഇന്ത്യൻ സിനിമയുടെ അഭിമാനം.

4 second read
0
218

നിങ്ങൾ ഒരു ഇന്ത്യക്കാരനാണോ ..? എന്നാൽ തീർച്ചയായും പരമാണു കണ്ടിരിക്കണം. കാരണം ഈ ചലച്ചിത്രത്തിലുടെ ഇന്ത്യയുടെ എക്കാലത്തെയും ഒരു അഭിമാന നിമിഷത്തിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടായ 1998-ൽ പൊക്രാനിൽ ഇന്ത്യൻ ആർമ്മി നടത്തിയ ആണവ പരീക്ഷണത്തെ അടിസ്ഥാനമാക്കി അഭിഷേക് ശർമ്മ സംവിധാനം ചെയ്ത ചിത്രമാണ് പരമാണു :ദ സ്റ്റോറി ഓഫ് പൊക്രാൻ.ജോൺ എബ്രഹാം നായകനായി എത്തിയ ചിത്രം ആദ്യ വാർത്തകൾ പുറത്തു വന്നതുമുതൽ വളരെയേറെ പ്രതീക്ഷകൾ നൽകിയ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ചിത്രത്തോടുള്ള വിശ്വാസം പതിമടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മെയ് 25 ന് റിലീസ് ചെയ്ത ‘പരമാണു’ ആരുടേയും പ്രതീക്ഷകൾ തെറ്റിക്കാത്ത മികച്ച ചിത്രമാണെന്ന് ഉറപ്പായും പറയാം.സീ സ്റ്റുഡിയോസും, ജെ. എ. എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ജോൺ എബ്രഹാമിനെ കൂടാതെ ഡിയാന പെന്റി, ബോമൻ ഇറാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.1998-ൽ ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന രാജ്യമായി ഇന്ത്യയെ ഉയർത്താൻ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും , പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുൾ കലാമും ചേർന്ന് ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം ആസൂത്രണം ചെയ്തു. അമേരിക്ക പോലെയുള്ള പല ഏജൻസികൾക്കുവേണ്ടിയും ചാരപ്രവർത്തി നടത്തുന്ന സാറ്റലൈറ്റുകളുടെ കണ്ണ് വെട്ടിച്ച് പൊക്രാനിൽ വളരെ കുറഞ്ഞ സമയത്തിൽ അഞ്ച് ന്യൂക്ലിയാർ ബോംബുകളാണ് ഇന്ത്യൻ ആർമ്മി പരീക്ഷിച്ചത്. ഇന്ത്യയെ പൂർണ്ണമായും ആണവശക്തിയാക്കി മാറ്റിയ പൊക്രാനിലെ ഈ പരീക്ഷണമാണ് ‘പരമാണു’ എന്ന ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.നിരവധി ആണവ പരീക്ഷണങ്ങൾ നടത്തി ശക്തി തെളിയിച്ച അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാന് പിന്തുണ നൽകുന്ന ഘട്ടത്തിൽ 1995-ൽ ഇന്ത്യയും ന്യൂക്ലിയാർ പരീക്ഷണം നടത്തുന്നതാണ് ഉത്തമമെന്ന് റിസർച്ച് ആന്റ് ഡേറ്റ അനലിറ്റിക്സ് കൈകാര്യം ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അശ്വത് റെയ്ന(ജോൺ എബ്രഹാം) പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ നടന്ന മീറ്റിംഗിൽ അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവർ പിന്നീട് അശ്വതിനെ മിഷനിൽ നിന്നും മാറ്റി നിർത്തി പ്രധാനമന്ത്രിയുടെ അനുമതി നേടി സ്വയം അതിന്റെ ക്രഡിറ്റ് നേടാൻ പരീക്ഷണം നടത്താൻ ശ്രമിച്ചു. പക്ഷെ ആ നീക്കം മനസ്സിലാക്കി അമേരിക്ക ഇന്ത്യക്ക് താക്കീത് നൽകുകയും പരീക്ഷണം ഉപേക്ഷിക്കപ്പെടേണ്ടിയും വന്നു. അങ്ങനെ പരാജയപ്പെട്ട മിഷന്റെ ഉത്തരവാധിത്വം അശ്വതിന്റെ പേരിൽ മാത്രമായി അടിച്ചേൽപ്പിക്കപ്പെട്ടു. തുടർന്ന് തന്റെ ജോലിയുപേക്ഷിച്ച് അശ്വിത് കുടുംബത്തിനൊപ്പം മൊസ്സൂരിയിലേക്ക് താമസം മാറി. മറ്റ് ജോലിക്കൊന്നും പോകാതിരിക്കുന്നതിനാൽ അശ്വിതിന്റെ കുടുംബ ജീവിതത്തിന്റെയും താളം തെറ്റുന്ന അവസരത്തിലാണ് 1998-ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ജോലിക്കുള്ള ക്ഷണം എത്തുന്നത്. ഇന്റർവ്യൂവിന് ഡൽഹിയിൽ എത്തുന്ന അശ്വതിനെ കാത്തിരിക്കുന്നത് പുതിയ പ്രധാനമന്ത്രി അടൽ ബിഹാരി ബാജ്പേയിയുടെ പേഴ്സണൽ സെക്രട്ടറി ഹിമാൻഷു ശുക്ലയാണ് (ബോമൻ ഇറാനി). അശ്വതിന്റെ പ്ലാൻ ശരിയായ രീതിയിൽ പ്രാവർത്തികമാക്കാതിരുന്നതാണ് 1995-ലെ പരാജയത്തിന് കാരണമെന്ന് തിരിച്ചറിയുന്ന സെക്രട്ടറി ഇത്തവണ സ്വന്തം ടീം രൂപപ്പെടുത്തി വീണ്ടും പരീക്ഷണം നടത്താൻ അശ്വതിനോട് ആവശ്യപ്പെടുന്നു.

ആർമ്മി, റോ, ഡി.ആർ.ഡി.ഒ, ബി.എ.ആർ.സി തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നും ഓരോരുത്തരായി അഞ്ച് പേരെ അശ്വത് തിരഞ്ഞെടുക്കുന്നു. മഹാഭാരതത്തിലെ പാണ്ഡവരുടെ പേരുകളാണ് അവർക്ക് നൽകുന്നത്. കൃഷ്ണനായി അശ്വതും. സാറ്റലൈറ്റുകളുടെ ദൃഷ്ടി, അമേരിക്ക- പാകിസ്ഥാൻ ഏജന്റുമാരുടെ നീക്കങ്ങൾ, രാഷ്ട്രീയ സമ്മർദ്ദം, സമയപരിമിധി എന്നിവ മറികടന്ന് അവർ തങ്ങളുടെ പരിക്ഷണം വിജയകരമായി പൂർത്തിയാക്കുന്നതെങ്ങനെയെന്ന് സിനിമ കണ്ട് തന്നെ മനസ്സിലാക്കണം.അഭിഷേക് ശർമ്മ സംവിധാനം ചെയ്ത ചിത്രം ഒരിക്കലും പ്രേക്ഷകർക്ക് മുഷിച്ചിലുണ്ടാക്കുന്നില്ല. രണ്ട് മണിക്കൂർ പത്ത് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ഒരു നിമിഷം പോലും പ്രേക്ഷകർ ചിത്രത്തിൽ നിന്നും അകന്നുപോകുന്നില്ല. ഒരു സിനിമയുടെ ആദ്യാവസാനം വരെ പ്രേക്ഷകരെ എൻഗേജ്ഡ് ആക്കുക എന്നത് നിസ്സാര കാര്യമല്ല. ചിത്രത്തിന്റെ അവസാനം എന്തായിയിക്കും എന്ന് പ്രേക്ഷകർക്ക് അറിയാമെന്നിരിക്കെ ചിത്രത്തിന്റെ ത്രിൽ ഒരിടത്തും നഷ്ടപ്പെടാതെ സംവിധായകൻ ചിത്രത്തെ ഭംഗിയായി ക്ലൈമാക്സ് വരെയും കൊണ്ടുപോകുന്നു. ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ ആത്മാർത്ഥമായി രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന കഥാപാത്രങ്ങളിൽ ഒരാളായി നമ്മളും മാറും എന്നതാണ് സത്യം. താരങ്ങളുടെ പ്രകടനവും സംവിധായകന്റെ കഴിവും സമന്വയിച്ചാണ് അത്തരത്തിലൊരനുഭവം സാധ്യമാക്കിയത്.പരമാണു എന്ന ചിത്രത്തിൽ അഭിനയത്തിന് സംവിധായകൻ പ്രാധാന്യം നൽകിയിട്ടില്ല എന്നു വേണം പറയാൻ. ‘പരമാണു’എന്ന ചിത്രത്തെപ്പോലെ പേരിനും പ്രശസ്തിക്കുമല്ലാതെ രാജ്യത്തിനു വേണ്ടി ജീവിതം മാറ്റിവയ്ക്കുന്നവരുടെ കഥ പറഞ്ഞ അടുത്ത സമയത്തിറങ്ങിയ ‘റാസി’യിൽ അഭിനയത്തിനായിരുന്നു മുൻതൂക്കം നൽകിയിരുന്നത്.സച്ചിൻ – ജിഗർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ സിനിമയ്ക്ക് വലിയ മുതൽക്കൂട്ട് തന്നെയാണ്. സിനിമയായാൽ പാട്ട് നിർബന്ധമാണെന്ന തരത്തിൽ കുത്തിതിരുകിയ ഗാനങ്ങളല്ല അവ. സിനിമയുമായി വളരെയധികം ലയിച്ച രീതിയിലാണ് ഗാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ മറ്റൊരു പ്രധാന ഘടകം വിഷ്യൽ എഫക്റ്റ്സ് ആണ്. ചിത്രത്തിൽ ബഹിരാകാശത്തുള്ള സാറ്റലൈറ്റിന്റെ സഞ്ചാരവും, ക്ലൈമാക്സിലെ സ്ഫോടനവുമെല്ലാം ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

മുക്കാൽ ഭാഗത്തോളം ചരിത്രമാണ് സിനിമയിലുള്ളത്. അധികം പഴക്കമില്ലാത്ത ചരിത്രമാകുമ്പോൾ ചില പൊരുത്തക്കേടുകൾ അനുഭവപ്പെട്ടേക്കാം, എന്നാലും അത് ഒഴിവാക്കാനാവുന്നതാണ്. 1998-ലെ ന്യൂസ് ചാനലുകളിലെ യഥാർത്ഥ വിഷ്വൽസ് കാണിച്ചത് അന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകൾ നന്നായി മനസ്സിലാക്കാൻ ഉപകരിച്ചിട്ടുണ്ട്. ഇടയ്ക്കൊരിക്കലും ത്രിൽ നഷ്ടപ്പെടാത്ത ഏറിയ പങ്കും ചരിത്രത്തിലൂടെയുള്ള ആക്ഷൻ നിറഞ്ഞ യാത്ര – അതാണ് പരമാണു എന്ന ചിത്രം. തീർച്ചയായും ഒഴിവാക്കാനാകാത്ത ബോളിവുഡ് ചിത്രമായി പരമാണുവിനെ കണക്കാക്കാം. ഇന്ത്യയുടെ അഭിമാന നിമിഷത്തിന് സിനിമയിലൂടെയെങ്കിലും നമുക്ക് നേർസാക്ഷികളാകാം. ഹീറോ യൂണിഫോമിൽ നിന്നുമല്ല, ലക്ഷ്യത്തിലൂടെയും ദൃഡനിശ്ചയത്തിലൂടെയുമാണ് ജനിക്കുന്നതെന്ന് ജോൺ എബ്രഹാമിന്റെ കഥാപാത്രത്തിലൂടെ സിനിമ കാട്ടിത്തരുന്നു.

Load More By malayalavanijyam
Load More In Cinema

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…