Home Cover ടtory പിണറായി വിജയന്‍ കാലം കടഞ്ഞെടുത്ത നവകേരള ശില്‍പി

പിണറായി വിജയന്‍ കാലം കടഞ്ഞെടുത്ത നവകേരള ശില്‍പി

0 second read
0
326

 

അതിപ്രഗല്‍ഭരായ നിരവധി മുഖ്യമന്ത്രിമാര്‍ കേരളത്തിനുണ്ടായിട്ടുണ്ട്. അവരില്‍ പലരും ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്ഥാനവും വഹിച്ചിട്ടുണ്ട്. എന്നാല്‍ മംഗലാപുരത്തും ഹൈദരാബാദിലും മധുരയിലും ഡല്‍ഹിയിലും തദ്ദേശീയരായ ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റ ഒരു മുഖ്യമന്ത്രിയെ ലഭിക്കുവാന്‍ നമുക്ക് ആറു ദശാബ്ദത്തോളം കാത്തിരിക്കേണ്ടിവന്നു. അവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. മലയാളത്തില്‍ നിന്ന് സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റം വരുന്നതുവരെ അക്ഷമരായി കാത്തുനിന്നു. ആ വാക്കുകളിലെ നിലപാടുകളുടെ ശക്തിയും വാക്കുകള്‍ക്കിടയിലെ ആര്‍ജ്ജവത്തിന്റെ ചൈതന്യവും തിരിച്ചറിഞ്ഞ് അവയെ നിറഞ്ഞ കൈയടികളോടെ സ്വന്തം ഹൃദയങ്ങളിലേക്ക് ഏറ്റുവാങ്ങി. മുഖ്യധാരാ മാധ്യമങ്ങളുടെ പരിലാളനയില്ലാതെ, പ്രതിച്ഛായാ നിര്‍മ്മാണത്തിന് വൈതാളികരില്ലാതെ, കേരള ജനതയുടെയും ഭാരത ജനതയുടെയും ഹൃദയം കീഴടക്കിയ ലോകരാഷ്ട്രീയത്തിലെതന്നെ അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊന്നായി ഇതിനകം പല അന്താരാഷ്ട്ര മാധ്യമങ്ങളും നിലയിരുത്തിയ മലയാളിയുടെ അഭിമാനമായി ആ വ്യക്തിത്വം ഇന്ന് ഉയര്‍ന്നു നില്‍ക്കുന്നു.
പിണറായി വിജയന്‍.
ആ പേര് മാത്രം മതി, അതു നിര്‍മ്മിക്കുന്ന അചഞ്ചലമായ ധീരതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും നമ്മുടെ മനസ്സിലേക്ക് ഓടിയെത്താന്‍.വിവാദങ്ങളുയര്‍ത്തി ജീവിതത്തിലെ വലിയൊരു കാലഘട്ടം ഇല്ലായ്മ ചെയ്യാന്‍ നടന്നവര്‍ പോലും ഇന്ന് പരസ്യമായും രഹസ്യമായും ആ വ്യക്തിത്വത്തിന്റെ മികവ് വെളിപ്പെടുത്തുന്നു.
കൊടുംവേനലിനും ചുഴലിക്കാറ്റിനും ഊരിപ്പിടിച്ച കത്തിമുനകള്‍ക്കും അപവാദവ്യവസായത്തിനും തോല്‍ പിക്കാനാകാത്ത ആ അസാധാരണ വ്യക്തിത്വത്തിന്റെ ഊര്‍ജ്ജം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. അതിമാനുഷികമായ കഴിവോ കെട്ടിവച്ച പുറംകാഴ്ചകളോ അല്ല. സമൂഹത്തിലെ അവ്യസ്ഥകള്‍ മാറ്റിത്തീര്‍ ്ക്കണമെന്ന ബാല്യം മുതലുള്ള തീരുമാനവും അതിനായി അദ്ദേഹം തിരഞ്ഞെടുത്ത പ്രസ്ഥാനത്തില്‍ നിന്ന് നിരന്തരമായി ലഭിച്ച രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും നേതൃത്വ നിര്‍മ്മാണത്തിന്റെയും മികവും സഹജമായ നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്ന് കേരളം കാത്തിരുന്ന ഒരു നായകത്വം രൂപം കൊള്ളുകയായിരുന്നു.
1

1945 മെയ് 24ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായാണ് വിജയന് ജനിച്ചത്. പിണറായി ശാരദാവിലാസം എല്.പി.സ്‌കൂളിലും പെരളശ്ശേരി ഗവണ്മെന്റ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസവും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടി.ബ്രണ്ണന്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. എസ്.എഫ്.ഐയുടെ ആദ്യരൂപമായ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കെ.എസ്.എഫ്.ലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു. 1970, 77, 91ലും കൂത്തുപറമ്പില്‍ നിന്നും 1996 പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. പക്ഷേ,ഈ ദൂരം അനായാസമായല്ല വിജയന് കടന്നുവന്നത്.. സ്വന്തം പ്രത്യയശാസ്ത്രത്തോടും മതേതരത്വത്തോടുമുമുള്ള അതിശക്തമായ കൂറ് നിരവധി രാഷ്ട്രീയ ശത്രക്കളെ തീര്‍ത്തു. നിരവധി ഭീഷണികളെ നെഞ്ചുറപ്പുകൊണ്ട് നേരിട്ട്, ഒട്ടേറെ വധശ്രമങ്ങളെ അല്‍ ഭുതകരമായി തരണം ചെയ്താണ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നു രാഷ്ട്രീയത്തിലേക്കെത്തിയ ഒരു യുവാവ് പിണറായി വിജയന്‍ എന്ന പേര് ചരിത്രത്തിന്റെ ശിലാപാളിയില്‍ ആഴത്തില്‍ കൊത്തിവച്ചത്.
197577ല്‍ അടിയന്തിരാവസ്ഥ കാലത്ത് പിണറായി ഭീകരമായ പീഡനത്തിനും ജയില്‍വാസത്തിനിടയായി. ഒരു പീഡനത്തിനും തന്നെ തകര്‍ക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പോലീസ് ലോക്കപ്പില്‍ വച്ച് ആക്രമിക്കപ്പെട്ട സമയത്തെ രക്തം പുരണ്ട ഷര്‍ട്ട് സൂക്ഷിച്ചു വച്ചു. തുടര്‍ന്ന് നിയമസഭയില്‍ രക്തം പുരണ്ട ഷര്‍ട്ടുമായി നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗം നിയമനിര്‍മ്മാണ പ്രക്രിയയിലെ മഹത്തായ അധ്യായമായി മാറി.
ആ സമര്‍പ്പിത ജീവിതത്തിന്റെ അംഗീകാരമെന്ന നിലയിലാണ് പിണറായി വിജയന്‍1998ല്‍സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ പ്രസ്ഥാനം ഏറ്റവുമധികം ആഭ്യന്തര വെല്ലുവിളികളെ നേരിട്ട ഒരു കാലഘട്ടത്തിലാണ് 17 വര്‍ഷം അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നത്. വ്യാപകമായ വിഭാഗീതയെയും അനിവാര്യമാണെന്ന് എല്ലാവരും കരുതിയ പിളര്‍പ്പിനെയും നിഷ്പ്രഭമാക്കി ഏറെക്കുറെ സുസ്ഥിരമായ നേതൃത്വം പുനഃസ്ഥാപിച്ചാണ് 2015ല്‍ സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ ഒഴിയുന്നത്.
ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി സഹകരണ മന്ത്രിയായാണ് പിണറായി ആദ്യമായി സംസ്ഥന മന്ത്രിസഭയിലെത്തുന്നത്. 1996 ലായിരുന്നു അത്. 1998 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതോടെ ആ സ്ഥാനം ഒഴിയുകയും ചെയ്തു. എന്നാല്‍ ആ കേവലം മൂന്ന് വര്‍ഷം കൊണ്ട് പിണറായിയിലെ ഉരുക്കുമനുഷ്യന്റെ നേതൃഗുണം കേരള ജനത പൂര്‍ണമായും തിരിച്ചറിഞ്ഞു. അതിദയനീയമായ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായരുന്ന വൈദ്യുതി വകുപ്പിനെ അദ്ദേഹം പുതുജീവന്‍ നല്‍കി വീണ്ടെടുത്തു. ഈ കാലയളവില്‍ വൈദ്യുതി ഉത്പാദന വിതരണരംഗങ്ങളില്‍ ഗണ്യമായ നേട്ടമാണ് കേരളം കൈവരിച്ചത്. തുടങ്ങി വച്ചിരുന്ന നിര്‍
മ്മാണപദ്ധതികളും പണിതീരാത്ത അനന്തമായി നിന്ന പദ്ധതികളും അടക്കം സമയബന്ധിതമായി പൂര്‍
ത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

കേരളത്തിനായി ഒരു വൈദ്യുതി നയം ആദ്യമായി നടപ്പിലാക്കിയതും ഇദ്ദേഹമായിരുന്നു. മന്ത്രിയാകുന്ന സമയം നിലവിലുണ്ടായിരുന്ന പവര്‍കട്ടുകള്‍ വിമര്‍ശനങ്ങളെ അവഗണിച്ച് പ്രവര്‍
ത്തിച്ചതിന്റെ ഫലമായി കുറഞ്ഞ സമയംകൊണ്ട് നൂറ് ശതമാനം ഒഴിവാക്കുവാന്‍ കഴിഞ്ഞു.ഇന്നു നാം അനുഭവിക്കുന്ന പവര്‍ക്കട്ടില്ലാത്ത കേരളം പിണറായി വിജയന്‍ തീര്‍ത്തത് കേവലം ആ രണ്ട് വര്‍ഷം കൊണ്ടാണ്. അദ്ദേഹത്തിന്റെ നിരന്തര വിമര്‍ശകരായ പ്രമുഖദിനപത്രമഴുതിയ മുഖപ്രസംഗം തന്നെ ആ നേട്ടങ്ങള്‍ സമ്മതിച്ചുതരുന്നുണ്ട്. ‘വൈദ്യുത ഉല്പാദന വിതരണ രംഗങ്ങളില്‍ ഗണ്യമായ നേട്ടങ്ങള്‍ വിജയന്റെ കാലത്തുണ്ടായിട്ടുണ്ട്. എല്ലാം അദ്ദേഹം മുന്‍കയ്യെടുത്ത് ചെയ്തുവെന്നല്ല; തുടങ്ങിവെച്ചവയും പണിതീരാതെ അനന്തമായി നീളുന്നവയുമായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും വേണ്ടിയിരുന്നത് ഒരു ഉന്ത് ആണ്. അതദ്ദേഹം കൊടുത്തു. ലോവര്‍ പെരിയാറില്‍ നിന്നും ബ്രഹ്മപുരത്തു നിന്നും വൈദ്യുതി കിട്ടുവാന്‍ തുടങ്ങി. കക്കാട് പദ്ധതിക്ക് പുനരുജ്ജീവനമായി. ആതിരപ്പള്ളിയും കുറ്റ്യാടി എക്സ്റ്റന്‍ഷനും വീണ്ടും ചലിച്ചു തുടങ്ങി. കേരളത്തിനു വേണ്ടി ഒരു വൈദ്യുത വികസനനയം പ്രഖ്യാപിച്ചത് വിജയനാണ്. അത് പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും പരിമിതമായ വിദേശമൂലധനത്തിനും സ്ഥാനം നല്‍കുന്ന ഒന്നായിരുന്നു. വിമര്‍ശനങ്ങളെ അവഗണിച്ച്, കോഴിക്കോടെ ഡീസല്‍ വൈദ്യുതകേന്ദ്രം സ്ഥാപിക്കുന്ന ജോലി അദ്ദേഹം തുടങ്ങി വച്ചു. ചീനയില്‍ നിന്നുള്ള സഹായ സഹകരണങ്ങളോടെ ചെറുകിട വൈദ്യുത പദ്ധതികള്‍ തുടങ്ങുവാന്‍ പരിപാടിയുണ്ടാക്കി… വിജയന്‍ മന്ത്രിയാകുന്ന സമയത്ത് വ്യവസായങ്ങള്‍ക്ക് നൂറ് ശതമാനം പവര്‍കട്ട് ആയിരുന്നു. വീടുകള്‍ക്ക് ലോഡ്‌ഷെഡിങ്ങ് വേറെ. .. വൈദ്യുത ഉല്പാദനം മെച്ചപ്പെട്ടു; ഒന്ന് രണ്ട് പദ്ധതികള്‍ ഉല്പാദനക്ഷമങ്ങളായി; കിഴക്കന്‍ ഗ്രിഡില്‍ നിന്ന് വൈദ്യുതി വാങ്ങുവാന്‍ മന്ത്രി ഏര്‍പ്പാടുമുണ്ടാക്കി. എല്ലാം കൂടി, മൂന്നു കൊല്ലത്തിനകം, വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട് മുഴുവന്‍ നീക്കാന്‍ വിജയനു കഴിഞ്ഞു; ജില്ലാ ആസ്ഥാനങ്ങളില്‍ ലോഡ് ഷെഡിങ്ങും നിര്‍ത്തി…’

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മേടം മണ്ഡലത്തില്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം നേടിയതൊടെ പിണറായി വിജയന്റെ തിരിച്ചുവരവ് ആരംഭിച്ചു. കേരളം ദശാബ്ദങ്ങള്‍ കാത്തിരുന്ന ഒരു വരവ് തന്നെയായിരുന്നു അത്. കാരണം. നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവുമുള്ള അഴിമതിയും സ്ഥാപിത താല്പര്യങ്ങളുമില്ലാത്ത ഒരു നേതൃത്വം എത്രയോ വര്‍ഷങ്ങളായി നമ്മുടെ നാട് സ്വപ്നം കാണുന്നുണ്ടായിരുന്നു. കേരളത്തിന്റെതായ മൂല്യങ്ങള്‍ കാത്തുകൊണ്ട് ആധുനിക പ്രവണതകളെ ഒപ്പം ചേര്‍ത്ത് ഒരു നവകേരളം രൂപപ്പെടണമെന്നത് നമ്മുടെ നാടിന് അനിവാര്യമായ സാഹചര്യത്തില്‍, പതിനാലാമത് നിയമസഭയില്‍ പന്ത്രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി മെയ് 25 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

അഴിമിതക്കെതിരെ ശക്തമായി മുന്നറിയുപ്പു നല്‍കി അധികാരത്തിലേക്കുവന്ന നിമിഷം മുതല്‍ പിണറായി എന്ന ജനകീയ നേതാവ് സമകാലികകേരളത്തിന്റെ പ്രതീക്ഷയായി. അറുപതുവര്‍ഷമായി ഉയര്‍ന്നുകൊണ്ടിരുന്ന കേരളത്തിനു സ്വന്തമായി സിവില്‍ സര്‍വ്വീസ് നേതൃത്വം എന്ന ആശയം കെ,എ,എസ് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് താന്‍ അധികാരത്തിലേറിയത് പ്രവര്‍ത്തിക്കാനാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു.
ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ നിലനിര്‍ത്തുവാനും കൂടുതല്‍ മികവുറ്റതാക്കുവനുമായി രൂപകല്‍പന ചെയ്ത ആര്‍ ദ്രം, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും ജൈവകൃഷി വികസനത്തിനും ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കി ആരംഭിച്ച ഹരിതകേരള മിഷന്‍, പൊതുമേഖലാ വിദ്യാഭ്യാസത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ആരംഭിച്ച സ്‌കൂള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, എല്ലാവര്‍ക്കും വീട് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍ എന്നീ ആസൂത്രിപദ്ധതികളിലൂടെ ഒരു പുതിയ കേരളം സൃഷ്ടിക്കാനുള്ള ദീര്‍ഘദൃഷ്ടിയും രാഷ്ട്ര ഭാവനയും തനിക്കുണ്ടെന്ന് ഇതിനകം തെളിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.
  കേരളത്തിന്റെ മുഖമുദ്രകളായി ഇതര ഭാരതീയ സമൂഹവും ലോകവും കാണുന്ന മതസൌഹാര്‍ദ്ദവും ജീവിത നിലവാരവും നിലനിര്‍ത്താന്‍ പിണറായി എടുത്ത കര്‍ക്കശമായ തീരുമാനങ്ങളാണ് കേരളത്തിനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ അംഗീകാരം വളര്‍ത്തിയത്.മതനിരപേക്ഷതയ്ക്കായി അദ്ദേഹമുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ കേരളം മാത്രമല്ല ഇന്ത്യ തന്നെ ഉറ്റുനോക്കുന്ന ഒരു നായകത്വമായി ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

പിണറായിയുടെ ഭാവനാപൂര്‍ണമായ പദ്ധതികളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരം നിയമസഭാഹാളില്‍ സമാരംഭം കുറിക്കുന്ന ലോക കേരള സഭ എന്ന ആശയം. കേരളീയ പ്രതിഭകളെ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ നൂറ്റാണ്ടുകളായി അവരവരുടെ ആവനാഴിയിലേക്ക് ഏറ്റെടുത്തിരുന്നു. അവരുടെ സേവനവും ഉപദേശവും സഹകരണവും തിരിച്ചുപിടിച്ച് നവകേരള നിര്‍മ്മിതിയില്‍ അവരെ കണ്ണിചേര്‍ ക്കാനുള്ള തീരുമാനം ഫലപ്രദമായി നടന്നാല്‍ അത് കേരളത്തിന്റെ വന്‍ കുതിപ്പിനു കാരണമാകും.
കേവലം ഒന്നര വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന അടിസ്ഥാപരമായ മാറ്റങ്ങളിലേക്ക് കടന്നാല്‍ അതിന്റെ കക്ഷിരാഷ്ട്രീയം എന്തുമാകട്ടെ, ഈ നേതൃത്വം കേരളത്തിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം കൊക്കൊള്ളുന്ന നിലപാടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ആരാധകരെ മാത്രമല്ല കടുത്ത വിമര്‍ ശകരെയും നേടിക്കൊടുത്തിട്ടുണ്ട്. അതു പുറത്തു മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലും ധാരാളമുണ്ട്. എതിര്‍ പ്പുകള്‍ ക്കിടയിലൂടെയാണ് എന്നും ആ യാത്ര. ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ സര്‍വ്വപ്രധാനമായ പങ്ക് വഹിക്കുന്നത് മാധ്യമ പ്രചാരണമാണ്. അതിലൂടെ സൃഷ്ടിക്കുന്ന നാടകങ്ങളുടെ ആകെത്തുകയാണ് നാം ഇന്നുകാണുന്ന ഓരോ നേതാവിന്റെയും പൊതുമുഖം. അതേസമയം, മാധ്യമങ്ങളുടെ സര്‍വ്വശക്തമായ കടന്നാക്രമണങ്ങള്‍ക്കിടയിലൂടെ, ഒരിക്കല്‍പ്പോലും അവരുടെ പരിലാളന ഏറ്റുവാങ്ങാതെ ജനഹൃദയം കീഴടക്കിയ നേതാവാണ് പിണറായി വിജയന്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ അജയ്യമായ കരുത്തിന്റെ രഹസ്യവും.
 ഇന്ന് പിണറായിയെക്കുറിച്ചു നാം കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ഒരുപത്തുവര്ഷംകഴിഞ്ഞുമാത്രമാകുംസത്യാവസ്ഥയുടെപകല്‍വെളിച്ചത്തില്‍വിലയിരുത്തപ്പെടുക.
ചിരിച്ചും തലോടിയും ആളുകളെ വശന്മതനാക്കാനുള്ള വശം ഒട്ടുമില്ലാത്ത ഒരു നേതാവെന്ന നിലയില്‍ ഭാവിയിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിണറായി വിജയന്‍ പാത്രമായെന്നു വരും.

മാധ്യമങ്ങളോടു സന്ധി ചെയ്യാന്‍ താല്‍പര്യമില്ലാത്ത വ്യക്തി എന്ന നിലയില്‍ പ്രത്യേകിച്ചും. ഇവയൊക്കെ അദ്ദേഹത്തിന്റെ പരിമിതികളായിത്തന്നെ കാണുകയും ചെയ്യാം. അതംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, തലോടലുകളും ആലിംഗനങ്ങളും മധുരവാക്കുകളുമല്ല ഭാവിയുടെ കേരളം ആവശ്യപ്പെടുന്നത്. പ്രവൃത്തികളാണ്. ഭാവനാപൂര്‍ണമായ പദ്ധതികളുടെ സാക്ഷാത്കാരമാണ്. അതു നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ്. പരിരംഭണങ്ങള്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണെങ്കില്‍ കരത്തുറ്റ ഭരണം നമ്മുടെ സാമൂഹികരോഗങ്ങള്‍ക്കുള്ള മരുന്നാണ്. മയങ്ങിക്കിടക്കാനാണോ ഉണര്‍ന്നു പ്രവര്‍ത്തിക്കാനാണോ മലയാളി ഇഷ്ടപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ കേരളത്തിന്റെയും ഭാവി. അതുകൊണ്ടാണ്, എല്ലാ വിയോജിപ്പുകള്‍ക്കിടയിലും രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളജനത പിണറായി വിജയനില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

Load More By malayalavanijyam
Load More In Cover ടtory

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…