Home News ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന് ജിസിസി ഉച്ചകോടി പിരിഞ്ഞു:പുതിയ സമിതിയുമായി സൗദിയും യുഎഇയും, ഗള്‍ഫ് പ്രതിസന്ധി രുക്ഷമാകാൻ സാധ്യത

ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന് ജിസിസി ഉച്ചകോടി പിരിഞ്ഞു:പുതിയ സമിതിയുമായി സൗദിയും യുഎഇയും, ഗള്‍ഫ് പ്രതിസന്ധി രുക്ഷമാകാൻ സാധ്യത

4 second read
0
148

കുവൈറ്റ്: ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന് ജിസിസി ഉച്ചകോടി പിരിഞ്ഞു:പുതിയ സമിതിയുമായി സൗദിയും യുഎഇയും, ഗള്‍ഫ് പ്രതിസന്ധി രുക്ഷമാകാൻ സാധ്യത .കുവൈറ്റ് ആദിഥ്യം വഹിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ഉച്ചകോടി ഖത്തറിനെച്ചൊല്ലി  അംഗരാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന്   ചൊവ്വാഴ്ച തന്നെ പിരിഞ്ഞു. നേരത്തേ ചൊവ്വ. ബുധന്‍ ദിവസങ്ങളില്‍ നടക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് ഒറ്റദിവസമാക്കിയത്. പ്രതീക്ഷിച്ചതുപോലെ എല്ലാ രാഷ്ട്രത്തലവന്മാരും എത്താത്തതിനാലാണ് സമ്മേളനം വെട്ടിച്ചുരുക്കിയതെന്ന് അഭ്യൂഹമുണ്ട്. പ്രധാന തീരുമാനങ്ങളൊന്നും സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.  രാഷ്ട്രീയ അനിശ്ചിതത്വം കാരണം പലതവണ മാറ്റിവെച്ച ഉച്ചകോടിയായിരുന്നു ഇത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കുവൈറ്റ് സമ്മേളനത്തിന് വേദിയാകുന്നത്.   ജി.സി.സി. ഘടനയില്‍ സമീപഭാവിയില്‍ തന്നെ മാറ്റം വന്നേക്കുമെന്ന് കുവൈറ്റ്‌ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.    മേഖലയിലെ വെല്ലുവിളികളെ മികച്ച രീതിയില്‍ അതിജീവിക്കാന്‍ പര്യാപ്തമായ തരത്തിലായിരിക്കും ജി.സി.സിയുടെ ഘടനയില്‍ മാറ്റംവരുത്തുകയെന്നും അമീര്‍ പറഞ്ഞു. ഭാവിയില്‍ ജി.സി.സി.ക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയുക്തസംഘം രൂപവത്കരിക്കുന്നത് സംബന്ധിച്ച സാധ്യതയും അമീര്‍ ചൂണ്ടിക്കാട്ടി.

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാജ്യത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരും. ജി.സി.സി. ഉച്ചകോടിയുടെ പ്രധാന കാരണം മധ്യസ്ഥത തുടരുകയെന്നതാണെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുമെന്നും അമീര്‍ വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി വേദനാജനകവും പ്രതികൂലവുമായ കാര്യങ്ങളാണ് ഗള്‍ഫ് അഭിമുഖീകരിക്കുന്നതെന്നും അമീര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ ഉണ്ടായിട്ടുള്ള വെല്ലുവിളികള്‍ നേരിടേണ്ടതിന്റെയും രാജ്യപുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയയെക്കുറിച്ചും അമീര്‍ ഓര്‍മിപ്പിച്ചു.  ഗള്‍ഫ് പ്രതിസന്ധികാരണം ജി.സി.സി. അംഗരാജ്യങ്ങള്‍ക്കിടയില്‍ സൗദി, ബഹ്റൈന്‍, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ ഒരുവശത്തും മറുവശത്ത് ഖത്തറും നിലയുറപ്പിച്ച പ്രതിസന്ധിക്കിടെയാണ് അമീര്‍ ശൈഖ് സബയുടെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഉച്ചകോടി വലിയ പ്രതീക്ഷ നല്‍കുന്നത്. ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍-ഹാമദ് അല്‍-താരിയെ കൂടാതെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദിന്റെ പ്രതിനിധിയായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍-ജബേയ്ര്‍, ഒമാന്‍ സുല്‍ത്താന്‍ വാബുസ് ബിന്‍ സയ്യിദിന്റെ പ്രതിനിധിയായി ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രി ഫാഹദ് ബിന്‍ മഹ്മൂദ് അല്‍-സയിദ് കൂടാതെ ബഹ്റൈനില്‍നിന്നുള്ള ഡെപ്യൂട്ടി പ്രധാനമന്ത്രി മുഹമ്മദ്ബിന്‍ മുബാറക് അല്‍ ഖലീഫ എന്നീ രാഷ്ട്രത്തലവന്മാരാണ് ഉദ്ഘാടനസമ്മേളത്തില്‍ പങ്കെടുത്തത്. അമീറിനെ കൂടാതെ ജി.സി.സി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍-സയാനിയും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. എന്നാൽ യു.എ.ഇ നടത്തിയ പരസ്യ പ്രസ്ഥവനലോക ജനതയുടെ എല്ലാ പ്രതിക്ഷകളെയും തകിടം മറിച്ചു.സൗദി അറേബ്യയുമായി ചേര്‍ന്ന് പുതിയ സാമ്പത്തിക-പങ്കാളിത്ത സഖ്യം രൂപവത്കരിച്ചതായി യു.എ.ഇ. ചൊവ്വാഴ്ച അറിയിച്ചു. എന്നാൽപുതിയ സമിതിയുണ്ടാക്കുമെന്ന് യുഎഇ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി അറേബ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പുതിയ സമിതിയുണ്ടാക്കിയാല്‍ ജിസിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല. ജിസിസി പിരിച്ചുവിടുമോ എന്ന കാര്യവും യുഎഇ പറഞ്ഞില്ല.    ഖത്തര്‍ പ്രശ്‌നമാണ് ജിസിസി യോഗത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിരുന്നത്. ഖത്തറിന്റെ കാര്യത്തില്‍ ഉച്ചകോടി എന്തെങ്കിലും തീരുമാനം എടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിരുന്നത്. ഈ ഘട്ടത്തിലാണ് യുഎഇ പുതിയ സമിതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിനെതിരേ ഉപരോധം ചുമത്തിയവരില്‍ മൂന്ന് ജിസിസി രാജ്യങ്ങളുണ്ട്. അതായത് പകുതി ജിസിസി രാജ്യങ്ങളും നിലവില്‍ ഖത്തറിന് എതിരാണ്. സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ് ഖത്തറിന് എതിര് നില്‍ക്കുന്നത്.ബാക്കിയുള്ള കുവൈറ്റും ഒമാനും ഖത്തറിനെ തള്ളിപ്പറഞ്ഞിട്ടില്ല. കുവൈറ്റ് സൗദി സഖ്യത്തോടൊപ്പം നില്‍ക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജിസിസിയുടെ പ്രവര്‍ത്തനം പോലെയായിരിക്കും യുഎഇ പ്രഖ്യാപിച്ച പുതിയ സമിതിയുടെയും പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.യുഎഇക്കൊപ്പം സൗദി അറേബ്യയാണ് സമിതിയില്‍ ഉണ്ടാകുകയെന്ന് യു.എ.ഇമന്ത്രാലയം അറിയിച്ചു. സൈനികം, രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം, സാംസ്‌കാരിക മേഖല എന്നീ കാര്യങ്ങളിലെല്ലാം ഇരുരാജ്യങ്ങളും യോജിച്ചുനീങ്ങും. ഇരുരാജ്യങ്ങളും ഒരുമിച്ച് നീങ്ങാന്‍ നേരത്തെ ധാരണയായിട്ടുണ്ടെന്നും യുഎഇ മന്ത്രാലയം അറിയിച്ചു. ഈ അടുത്ത കാലത്തായി സൗദിയും യുഎഇയും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. സൗദി അറേബ്യ നേരിട്ട് തയ്യാറായ യമന്‍ സൈനിക നീക്കത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ഗള്‍ഫ് രാജ്യം യുഎഇ ആയിരുന്നു. അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. പുതിയ സമിതിയിലേക്ക് മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തെ ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യം യുഎഇ പ്രഖ്യാപനത്തില്‍ പറയുന്നില്ല. പക്ഷേ, യുഎഇയുടെ പുതിയ പ്രഖ്യാപനം ജിസിസിക്ക് സമ്മര്‍ദ്ദം ശക്തമാക്കും. ജിസിസി പൂര്‍ണമായി ഇല്ലാതാകും എന്ന് അര്‍ഥമാക്കാന്‍ ഇപ്പോള്‍ കഴിയില്ല. ജിസിസി രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അമേരിക്കയും യൂറോപ്പും. ജിസിസി ഐക്യത്തോടെ നിലയുറപ്പിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. അതേസമയം, ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും മുഖാമുഖം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന സൂചന നല്‍കി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് യുഎഇയുടെ പുതിയ പ്രഖ്യാപനം. എന്നാല്‍ ഖത്തറുമായി ഐക്യത്തിന്റെ പാത സ്വീകരിക്കില്ലെന്ന് യുഎഇ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.ജൂണ്‍ അഞ്ച് മുതലാണ് ഖത്തറും അയല്‍രാജ്യങ്ങളും തമ്മില്‍ പ്രശ്നമുണ്ടായത്. ഉപരോധം പ്രഖ്യാപിക്കുകയും പിന്നീട് ഇത് വ്യാപിപിക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി തുടര്‍ന്നു. എങ്കിലും സമവായ ശ്രമം ഒരുഭാഗത്ത് തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഈ ശ്രമങ്ങളുടെ വിജയമാണ് ജിസിസി യോഗം നടത്താന്‍ ധാരണയായത്. ഖത്തര്‍ പ്രതിനിധി വന്നാല്‍ തങ്ങള്‍ ജിസിസി യോഗം ബഹിഷ്‌കരിക്കുമെന്ന് സൗദി സംഖ്യം നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ രമ്യതയുണ്ടാക്കാന്‍ കുവൈത്ത് ഏറെ പണിപ്പെട്ടു. നേരിയ സമവായത്തിലെത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ഖത്തര്‍ അമീറിനെ ഔദ്യോഗികമായി യോഗത്തിലേക്ക് കുവൈറ്റ്് ക്ഷണിച്ചത്. 1981ലാണ് ജിസിസി സഖ്യം രൂപീകരിച്ചത്.

Load More By malayalavanijyam
Load More In News

Check Also

ഇന്ത്യ – കുവൈത്ത് തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നു: സുഷമ സ്വരാജ് ഒക്ടോബര്‍ 30,  31 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുന്നു

കുവൈറ്റ്:ഇന്ത്യയില്‍ നിന്നുള്ള തെഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കുന്നതിനും ഏറ്റവ…