Home Entertainment Travel മനുഷ്യർക്ക് പ്രവേശനമില്ലാത്ത  ഒരു ഇന്ത്യൻ ദ്വീപ്

മനുഷ്യർക്ക് പ്രവേശനമില്ലാത്ത  ഒരു ഇന്ത്യൻ ദ്വീപ്

3 second read
0
14

ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. ഇന്ത്യക്കുമുണ്ട് അങ്ങനെയൊരു സ്ഥലം, ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ് (North sentinel island). അതീവ അപകടകാരികളായ സെന്റിനെലുകളാണ് (Sentinelese) ഇവിടെ വസിക്കുന്നത്. കടലിനാൽ ചുറ്റപ്പെട്ട വന നിബിഢമായ ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹമാണ് ഇവിടെയുള്ളത്. ഈ ദ്വീപിലേക്ക്‌ ചെല്ലുന്നവരെ ആക്രമിച്ചു വീടുകയാണ് ഇവരുടെ പതിവ്. ഏകദേശം 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു. ഭയം മൂലം ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ സ്ഥലത്തേക്ക് അടുക്കാറില്ല. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ ദുരൂഹമായി കാണാതായതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞ വാർത്ത. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുകയാണ് പതിവ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്നും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ എന്താണെന്ന് പുറംലോകത്തിന് അറിയില്ല.

ഏകദേശം 72 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കും. 1967ല്‍ സെന്റിനെലുകളുമായി ബന്ധപ്പെടാനും അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നല്‍കി ദ്വീപിലുള്ളവരെ ഇണക്കാന്‍ ശ്രമിച്ചെങ്കിലും ഇക്കൂട്ടര്‍ ഇണങ്ങാന്‍ തയ്യാറായില്ല. കൂടാതെ കടല്‍ത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടര്‍ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസര്‍ജനം ചെയ്യാന്‍ ശ്രമിച്ചതായി ടി.എന്‍ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ദ്വീപിലെ ജനസാന്ദ്രത ഉൾപ്പെടെയുള്ള വിവരങ്ങളെ കുറിച്ചൊന്നും വ്യക്തതയില്ല. ഇവരെ കുറിച്ചുള്ള യാതൊരു വിവരണവും ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. വളരെ എണ്ണപ്പെട്ട സമയങ്ങളില്‍ മാത്രമേ ഈ ദ്വീപ് നിവാസികളുടെ ഫോട്ടോ എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. 2004 ല്‍ ഉണ്ടായ സുനാമിയില്‍ ഇവിടെ കാര്യമായ നാശനഷ്ടം ഉണ്ടായെങ്കിലും ഇവർ സുനാമിയെ അതിജീവിക്കുകയാണുണ്ടായത്. സുനാമി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന സുരക്ഷാ സേനയെ അവര്‍ അടുപ്പിക്കുകയുണ്ടായില്ല. ഇന്ത്യന്‍ സുരക്ഷാ സേന ഹെലികോപ്റ്ററില്‍ നിന്ന് ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയത്തു പോലും ഹെലികോപ്റ്ററിനെതിരെ ദ്വീപു നിവാസികള്‍ അമ്പ് എയ്തുവിടുകയാണുണ്ടായത്.

ഒറ്റപ്പെട്ട് ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന് ഗവേഷകർ പറയുന്നു. എന്നാൽ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാൻ ഇവർ അസാമാന്യ കരുത്തും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീൻപിടിച്ചുമാണ് ആഹാരത്തിനുള്ള വക ഇവർ കണ്ടെത്തുന്നത്. ശിലായുഗത്തിന് തുല്യമായ അവസ്ഥയിൽ ജീവിക്കുന്ന ഇവരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഇതിനെ തുടർന്ന് അവരെ അവരുടേതായ രീതിയിൽ തന്നെ ജീവിക്കാൻ വിടുകയായിരുന്നു. ദ്വീപിന് ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്നതും സെന്റിനെലുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും നിലവിൽ കുറ്റകരമാണ്.

Load More By malayalavanijyam
Load More In Travel

Check Also

കുരുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു

കോഴിക്കോട് : കുന്നുകൾക് കഴിവ് തെളിയിക്കാനായി വ്യത്യസ്തമായ ഒരു ടാലെന്റ്റ് ഷോ ഒരുങ്ങുന്നു. മ…