Home News വിദേശ ഇന്ത്യക്കാർക്ക് മുക്ത്യാർ വോട്ട്: ബിൽ ലോക്‌സഭ പാസാക്കി

വിദേശ ഇന്ത്യക്കാർക്ക് മുക്ത്യാർ വോട്ട്: ബിൽ ലോക്‌സഭ പാസാക്കി

2 second read
0
44

ന്യൂ ഡെൽഹി :വിദേശ ഇന്ത്യക്കാർക്ക് മുക്ത്യാർ വോട്ട്: ബിൽ ലോക്‌സഭ പാസാക്കി.നാട്ടിലെ വോട്ടർപ്പട്ടികയിൽ പേര്‌ രജിസ്റ്റർചെയ്ത വിദേശ ഇന്ത്യക്കാർക്ക്, പകരം ആളെ ചുമതലപ്പെടുത്തി(മുക്ത്യാർ) വോട്ട് ചെയ്യാൻ അവസരം നൽകുന്ന ബിൽ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ലോക്‌സഭ വ്യാഴാഴ്ച പാസാക്കി. പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച രാജ്യസഭയും അതംഗീകരിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിദേശ ഇന്ത്യക്കാർക്ക് മുക്ത്യാർ വോട്ട് സാധ്യമാകും. നിലവിൽ സൈനികർക്കുമാത്രമേ ഈ സൗകര്യമുള്ളൂ. 1950-ലെയും 1951-ലെയും ജനപ്രാതിനിധ്യ നിയമങ്ങളിലെ വകുപ്പുകളാണ് ലോക്‌സഭ ഇതിനായി ഭേദഗതി ചെയ്തത്്.

വിദേശ ഇന്ത്യക്കാർക്ക് നാട്ടിലെ വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ നിയമം ഭേദഗതിചെയ്തത് മുൻ സർക്കാരാണ്. 2011-ലായിരുന്നു അത്. അതിന്‌ തുടർച്ചയായിട്ടാണ് ഇപ്പോൾ മുക്ത്യാർ വോട്ട് കൊണ്ടുവരുന്നതെന്നും അത് ദുരുപയോഗിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

മുക്ത്യാർവോട്ടിൽ എന്തെങ്കിലും കൃത്രിമം നടന്നാൽ അതു കണ്ടുപിടിച്ച് നടപടിയെടുക്കാൻ തിരഞ്ഞെടുപ്പുകമ്മിഷന്‌ സാധിക്കും. 3.10 കോടി വിദേശ ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്.

മറുനാടൻ തൊഴിലാളികൾക്കും മറ്റു സംസ്ഥാനങ്ങളിൽ താമസമാക്കിയവർക്കും നാട്ടിൽ അവരുടെ മണ്ഡലങ്ങളിൽ വോട്ടുചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് എം.പി.മാർ ചർച്ചയിൽ ആവശ്യപ്പെട്ടു. ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേകം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മുക്ത്യാർ വോട്ട്‌

*സൈനികരുടേതിന്‌ സമാനമായിരിക്കുമോ വിദേശ ഇന്ത്യാക്കാരുടെ മുക്ത്യാർവോട്ട് എന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല. ബില്ലിനു രാഷ്ട്രപതി അംഗീകാരം നൽകിയാൽ അത്‌ പ്രാബല്യത്തിലാക്കാൻ പ്രത്യേക ചട്ടം ഉണ്ടാക്കണം. ചട്ടം തയ്യാറായാലേ നിയമം വിജ്ഞാപനംചെയ്ത് പ്രാബല്യത്തിലാക്കൂ.

*സൈനികർക്ക് ഭാര്യ, ഭർത്താവ്, ബന്ധു, സുഹൃത്ത് എന്നിങ്ങനെ ആരെവേണമെങ്കിലും മുക്ത്യാർ ആക്കാം. ഒരാൾക്ക് ഒന്നിൽക്കൂടുതൽ സൈനികരുടെ മുക്ത്യാർ ആവുകയും ചെയ്യാം. അതായത്, ഒരു മണ്ഡലത്തിലെ എത്ര സൈനികർക്ക്‌ വേണമെങ്കിലും ഒരാളെ മുക്ത്യാർ ആയി ചുമതലപ്പെടുത്താം. എൻ.ആർ.ഐ.കളുടെ കാര്യത്തിൽ ഒരുപക്ഷേ, അതിന് നിയന്ത്രണം വന്നേക്കും. ഒരു എൻ.ആർ.ഐ.യ്ക്ക് ഒരു മുക്ത്യാർ എന്ന നിബന്ധന ഏർപ്പെടുത്താനിടയുണ്ട്.

*മുക്ത്യാറെ ചുമതലപ്പെടുത്താൻ പ്രത്യേക ഫോറത്തിൽ അപേക്ഷിക്കണം. സൈനികർ അതത് യൂണിറ്റിലെ മേലുദ്യോഗസ്ഥന്റെ സാക്ഷ്യപത്രംസഹിതം അപേക്ഷ ആദ്യം മുക്ത്യാർക്ക് അയച്ചുകൊടുക്കണം. മുക്ത്യാർ തിരിച്ചറിയൽ രേഖകളും ഒപ്പും സഹിതം നോട്ടറി, അല്ലെങ്കിൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എന്നിവരെക്കൊണ്ട് സാക്ഷ്യപ്പെടുത്തി റിട്ടേണിങ് ഓഫീസർക്ക് കൈമാറണം. പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസംവരെ ഇത്തരത്തിൽ മുക്ത്യാറെ ചുമതലപ്പെടുത്താവുന്നതാണ്.

*സാധാരണ ചൂണ്ടുവിരലിലാണ് വോട്ട് രേഖപ്പെടുത്തിയതിന് തെളിവായി മഷി പുരട്ടുക. മുക്ത്യാർ വോട്ടിന് അത് നടുവിരലിലായിരിക്കും. ഒരാൾ ഒന്നിലധികംപേർക്ക് മുക്ത്യാർ ആയാൽ മഷിപുരട്ടൽ മറ്റു വിരലുകളിലേക്കുമാറും. എന്നാൽ, അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.

Load More By malayalavanijyam
Load More In News

Check Also

പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രവുമായി വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് വരത്തൻ. വിദേശത്…