Home News സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലിനേടിയ 712 പേരെ അറസ്റ്റു ചെയ്തു

സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലിനേടിയ 712 പേരെ അറസ്റ്റു ചെയ്തു

0 second read
0
40

റിയാദ്:സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലിനേടിയ 712 പേരെ അറസ്റ്റു ചെയ്തു.സൗദി അറേബ്യയില്‍ വ്യാജ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴില്‍ നേടിയ 712 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറബ് രാജ്യങ്ങളിലെയും അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളിലെയും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് ജോലി നേടിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന്  പബ്‌ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

സൗദിയിലെ പ്രമുഖ കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടിയ വിദേശികളാണ് വ്യാജ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. എഞ്ചിനീയര്‍മാരായി ജോലി നേടിയവര്‍ പ്രൊഫഷണല്‍ പ്രാക്ടീസ് സര്‍ട്ടിഫിക്കേറ്റ് നേടുന്നതിന് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ സമര്‍പ്പിച്ചിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര കമ്പനിയായ ഡാറ്റാ ഫ്‌ളോയുമായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുളളത്.

വ്യാജ രേഖ സമര്‍പ്പിച്ചവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ശിക്ഷ കഴിയുന്ന വിദേശികളെ നാടുകടത്തുകയും വീണ്ടും പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ കണ്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ അഞ്ച് വര്‍ഷത്തില്‍ കുറവ് പ്രവൃത്തി പരിചയമുളള വിദേശ എഞ്ചിനീയര്‍മാരുടെ റിക്രൂട്‌മെന്റ് നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരിചയ സമ്പന്നരായ എഞ്ചിനീയര്‍മാര്‍ക്ക് മികച്ച അവസരമാണ് തൊഴില്‍ വിപണിയില്‍ ഉളളത്. ഇത് ചൂഷണം ചെയ്താണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തൊഴില്‍ നേടാന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Load More By malayalavanijyam
Load More In News

Check Also

Kerala rains: Portal launched to co-ordinate relief measures: www.Keralarescue.in

THIRUVANANTHAPURAM: As supports are pouring in to help flood-victims of the state, a new p…