ന്യൂഡൽഹി: ആഗോള ഇൻഷുറൻസ് വിപണിയിൽ വരും വർഷങ്ങളിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്ന് പ്രമുഖ ആഗോള റീഇൻഷുറൻസ് സ്ഥാപനമായ സ്വിസ് റീ (Swiss Re) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-2030 കാലഘട്ടത്തിൽ ഇന്ത്യൻ ഇൻഷുറൻസ് പ്രീമിയം വളർച്ച 6.9 ശതമാനത്തിലെത്തു മെന്നാണ് പ്രവചനം. ഇതോടെ ചൈനയെയും അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും പിന്നിലാക്കി ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറും.
ശക്തമായ സാമ്പത്തിക അടിത്തറ, വർദ്ധിച്ചുവരുന്ന ആവശ്യകത, അനുകൂലമായ നിയമപരിഷ്കാരങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് കരുത്തേകുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശരാശരി 6.5 ശതമാനം ജിഡിപി വളർച്ചയോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി തുടരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി നിരക്കുകൾ ലഘൂകരിക്കുന്നതും ആദായനികുതി ഇളവുകളും സാധാരണക്കാരായ കുടുംബങ്ങളിൽ ഇൻഷുറൻസിനോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ കാരണമാകും.
ഇന്ത്യൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി (IRDAI) കൊണ്ടുവന്ന പരിഷ്കാരങ്ങൾ വിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. വിദേശ നിക്ഷേപ പരിധി ഉയർത്തിയതും വിതരണ ശൃംഖല ആധുനികീകരിച്ചതും ഈ മേഖലയിലേക്ക് കൂടുതൽ മൂലധനം എത്തിക്കാൻ സഹായിച്ചു.
ലൈഫ് ഇൻഷുറൻസ് മേഖലയിൽ പ്രതിവർഷം 6.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റ് പ്ലാനുകൾക്കും ക്രെഡിറ്റ് ഇൻഷുറൻസിനുമുള്ള വർദ്ധിച്ച ആവശ്യകത ഇതിന് കാരണമാകും. ആരോഗ്യ ഇൻഷുറൻസ് മേഖല 7.2 ശതമാനവും, വാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് മോട്ടോർ ഇൻഷുറൻസ് മേഖല 7.5 ശതമാനവും വളർച്ച കൈവരിക്കും.
നിലവിൽ പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായി 2025-ൽ വളർച്ചാ നിരക്ക് 3.1 ശതമാനമായി കുറയാൻ സാധ്യതയുണ്ടെങ്കിലും, 2026 മുതൽ രാജ്യം അതിശക്തമായ രീതിയിൽ തിരിച്ചുവരുമെന്ന് സ്വിസ് റീ മാർക്കറ്റ് ഹെഡ് അമിതാഭ റേ പറഞ്ഞു. ഡിജിറ്റൽ നവീകരണവും ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പോളിസികളും ഇന്ത്യയെ ഒരു ‘ബ്രൈറ്റ് സ്പോട്ട്’ ആക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് വിപണിയിൽ ഇന്ത്യ കുതിക്കുന്നു: വളർച്ചാനിരക്കിൽ ചൈനയെയും അമേരിക്കയെയും മറികടക്കും
Published:
Cover Story



