ദുബായ്: :-മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, തുർക്കിയെ (MENAT) മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്സ് എൻബിഡി, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി (SMEs) പ്രത്യേക ‘ബിസിനസ് സപ്പോർട്ട് പാക്കേജ്’ പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ ബിസിനസുകൾക്ക് ആത്മ വിശ്വാസം നൽകുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫീസ് ഇളവുകൾ ഉൾപ്പെടെയുള്ള ഈ പദ്ധതി അവതരിപ്പിച്ചിരി ക്കുന്നത്.
ദുബായ് ഗവൺമെന്റും യുഎഇ സെൻട്രൽ ബാങ്കും നടപ്പിലാക്കുന്ന സാമ്പത്തിക സുസ്ഥിരതാ നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബാങ്കിന്റെ ഈ നീക്കം.
പ്രധാന ഇളവുകൾ:
* വായ്പ തിരിച്ചടവ്: ലോൺ മാറ്റിവെക്കുക (Loan Deferment) ഫീസ് ഒഴിവാക്കി.
* ബിസിനസ് കാർഡുകൾ: ബിസിനസ് കാർഡുകൾ എത്തിക്കു ന്നതിനുള്ള അന്താരാഷ്ട്ര കൊറിയർ ചാർജുകൾ ഒഴിവാക്കി.
*ചെക്ക് മടങ്ങിയാൽ : പണം ഒഴുക്കിലെ തടസ്സങ്ങൾ കാരണം ചെക്കുകൾ മടങ്ങുകയാണെങ്കിൽ ഈടാക്കുന്ന ഫീസിൽ ഇളവ്.
* എടിഎം സേവനങ്ങൾ: യുഎഇയിലുടനീളവും ജിസിസി രാജ്യങ്ങളിലും എടിഎമ്മുകളിൽ നിന്നുള്ള പണം പിൻവലിക്കൽ ഫീസ് ഒഴിവാക്കി.
* ഡെബിറ്റ് കാർഡ്: ബിസിനസ് ഡെബിറ്റ് കാർഡുകൾ മാറ്റി വാങ്ങുന്നതിനുള്ള (Replacement fee) ഫീസ് ഒഴിവാക്കി.
* ബാങ്ക് ഗ്യാരണ്ടി: ലെറ്റർ ഓഫ് ക്രെഡിറ്റ് (LC), ലെറ്റർ ഓഫ് ഗ്യാരണ്ടി എന്നിവയുടെ ചാർജുകളിൽ 30% ഡിസ്കൗണ്ട്.
* ക്യാഷ് മാനേജ്മെന്റ്: ക്യാഷ് മാനേജ്മെന്റ് സേവനങ്ങൾക്ക് 40% ഡിസ്കൗണ്ട് .
ചെറുകിട ഇടത്തരം ബിസിനസ് മേഖലയുടെ വളർച്ചയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും തങ്ങൾ മുൻഗണന നൽകുന്നുവെന്ന് എമിറേറ്റ്സ് എൻബിഡി ബിസിനസ് ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് ഹമദ് മുഹമ്മദ് സായിദ് പറഞ്ഞു. ബിസിനസുകൾക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകാനും ലിക്വിഡിറ്റി പ്രശ്നങ്ങൾ പരിഹരി ക്കാനും ഈ പാക്കേജ് സഹായിക്കു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ദുബായ് ഗവൺമെന്റ് അംഗീകരിച്ച 100 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതിക്കും, യുഎഇ സെൻട്രൽ ബാങ്കിന്റെ ബാങ്കിംഗ് സുസ്ഥിരതാ പാക്കേജിനും പിന്നാലെയാണ് എമിറേറ്റ്സ് എൻബിഡിയുടെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൈത്താങ്ങുമായി എമിറേറ്റ്സ് എൻബിഡി; പുതിയ ബിസിനസ് സപ്പോർട്ട് പാക്കേജ് പ്രഖ്യാപിച്ചു
Published:
Cover Story



