അബുദാബി :- ‘നമ്മുടെ ശൈത്യ കാലം സംരംഭകത്വമാണ്’ പ്രമേയത്തോടെ യുഎഇ ശൈത്യ കാല കാമ്പെയ്നിന്റെ ആറാം പതിപ്പിന് ഔദ്യോഗിക തുടക്കമായി.ഡിസംബർ 16 മുതൽ ആറ് ആഴ്ച നീണ്ടുനിൽക്കുന്ന ഈ സംരംഭം രാജ്യത്തിന്റെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും നവീകരണം, എമിറാത്തി സംരംഭകത്വം, അതുല്യമായ ശൈത്യകാല അനുഭവങ്ങൾ എന്നിവയെ മുൻനിരയിൽ എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
പരിസ്ഥിതി ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ, ഹരിത ഇടങ്ങൾ, പ്രാദേശിക സംരംഭകരും സ്റ്റാർട്ടപ്പുകളും രൂപകൽപ്പന ചെയ്ത അനുഭവങ്ങൾ എന്നിവ കാമ്പെയ്നിന്റെ ഭാഗമായി പ്രദർശിപ്പിക്കും. ഇവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും യുഎഇയുടെ വൈവിധ്യമാർന്ന ശൈത്യകാല ടൂറിസം ഓഫറുകളുമായി സംയോജിപ്പിക്കു ന്നതിലും പ്രത്യേക ശ്രദ്ധ നൽകും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ആഭ്യന്തര ടൂറിസം തന്ത്രത്തിന്റെ ഭാഗമായാണ് കാമ്പെയ്ൻ നടപ്പാക്കുന്നത്. എമിറേറ്റ്സിലുടനീളമുള്ള ടൂറിസം സ്ഥാപനങ്ങളുമായി സഹകരിച്ച് സാമ്പത്തിക, ടൂറിസം മന്ത്രാലയ മാണ് ഇതിന് നേതൃത്വം നൽകുന്നത്.
100 ബില്യൺ ദിർഹത്തിന്റെ പുതിയ ടൂറിസം നിക്ഷേപങ്ങളും 40 ദശലക്ഷം ഹോട്ടൽ അതിഥികളും ലക്ഷ്യമിടുന്ന യുഎഇ ടൂറിസം സ്ട്രാറ്റജി 2031-നെ ഈ കാമ്പെയ്ൻ ശക്തമായി പിന്തുണ യ്ക്കുന്നു. 2031 ആകുമ്പോഴേക്കും ടൂറിസം മേഖലയിലെ ജിഡിപി സംഭാവന 450 ബില്യൺ ദിർഹമായി ഉയർത്തുക എന്നതും, ശരാശരി 27 ബില്യൺ ദിർഹയുടെ വാർഷിക വളർച്ച കൈവരിക്കു കയെന്നതും തന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
തുടക്കം മുതൽ ഇതുവരെ നടന്ന അഞ്ച് പതിപ്പുകളിലൂടെ ലോകമെമ്പാടുമുള്ള 1.2 ബില്യണിലധികം ആളുകളിലേ ക്കാണ് കാമ്പെയ്ൻ എത്തിയത്. ഇതുവഴി ഹോട്ടൽ മേഖലയ്ക്ക് ഏകദേശം 6.7 ബില്യൺ ദിർഹത്തിന്റെ വരുമാനം ലഭിച്ചതായും അധികൃതർ അറിയിച്ചു.
ടൂറിസം യുഎഇയുടെ പ്രധാന സാമ്പത്തിക ചാലകമായി തുടരുകയാണെന്നും 2024 ൽ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 257 ബില്യൺ ദിർഹത്തിന്റെ സംഭാവന നൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു.അതേസമയം, 2025 ലെ ആദ്യ പത്ത് മാസങ്ങളിൽ യുഎഇയിലെ ഹോട്ടലുകൾ 26.1 ദശലക്ഷം സന്ദർശകരെ സ്വീകരിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവാണ്. ഈ കാലയളവിൽ 89 ദശലക്ഷത്തിലധികം മുറികൾ ബുക്ക് ചെയ്യപ്പെട്ടാതായി രേഖപ്പെടുത്തി.ഹോട്ടൽ മേഖലയിലെ വരുമാനം 40 ബില്യൺ ദിർഹം കടന്നുവെന്നും താമസ നിരക്ക് 79 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അന്താരാഷ്ട്ര സന്ദർശകരുടെ വർധനയും ആഭ്യന്തര ടൂറിസം വിപണിയിലെ സജീവതയുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.
‘നമ്മുടെ ശൈത്യകാലം സംരംഭകത്വമാണ്’ പ്രമേയത്തോടെ യുഎഇ ശൈത്യകാല കാമ്പെയ്നിന്റെ ആറാം പതിപ്പിന് ഔദ്യോഗിക തുടക്കമായി
Published:
Cover Story



