spot_img

ചെറിയ പെരുന്നാള്‍: ആത്മീയതയും സൗഹൃദവും പുതുക്കുന്ന ദിനം

Published:

റമളാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിത ത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരി ശോധന എന്നിവയിലൂടെ നമ്മള്‍ നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്‍ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്‍ന്നുകൊണ്ടു പോകേണ്ടതിന്റെ ആവശ്യക തയാണ്.

റമളാന്‍ നമ്മെ പഠിപ്പിച്ചത് സഹനവും സ്വയം നിയന്ത്രണവും മാത്രമല്ല; മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും കൂടിയാണ്. അതുകൊണ്ട് തന്നെ, ഈ പരിശുദ്ധ മാസത്തില്‍ വളര്‍ത്തിയെടുത്ത ദാനധര്‍മ്മ ശീലം പെരുന്നാളോടെ അവസാനിപ്പി ക്കാതെ ജീവിതത്തിന്റെ സ്ഥിരം ഭാഗമാക്കേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള നിര്‍ധനരെയും സഹായം ആവശ്യമുള്ളവരെയും മറക്കാതെ, അവര്‍ക്ക് ആശ്വാസവും കരുതലും നല്‍കുന്ന സമൂഹമായി നമ്മള്‍ മാറേണ്ടതുണ്ട്.

പെരുന്നാള്‍ കുടുംബബന്ധങ്ങള്‍ പുതുക്കാനുള്ള ഒരു അപൂര്‍വ്വ അവസരമാണ്. തിരക്കുകള്‍ക്കിടയില്‍ അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേര്‍ക്കാനും, ബന്ധുക്കളെ സന്ദര്‍ശിച്ചും സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും കുടുംബത്തിന്റെ മഹത്ത്വം തിരിച്ചറിയാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു. ബന്ധങ്ങള്‍ ശക്തമാകുമ്പോള്‍ സമൂഹവും ശക്തമാകും എന്ന തിരിച്ചറിവ് ഈ ദിനം നല്‍കുന്നു.

ഇന്ന്, പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും അശാന്തിയും അനിശ്ചിതത്വവും അനുഭവിക്കുന്ന പ്രവാസി സഹോദരങ്ങളെ നമ്മള്‍ മറക്കരുത്. അവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നാം പ്രാര്‍ത്ഥിക്കുകയും, അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് നമ്മുടെ മനുഷ്യധര്‍മ്മമാണ്. അവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് നമ്മുടെ ഉത്തരവാദിത്വവുമാണ്.

അതോടൊപ്പം, പെരുന്നാള്‍ പരസ്പര സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്ന ദിനമായി രിക്കണം. മത-ജാതി ഭേദമന്യേ എല്ലാവരോടും സഹോദരത്വ ത്തോടെ പെരുമാറി, നമ്മുടെ നാടിന്റെ മതമൈത്രിയും മതേതരത്വവും കാത്തുസൂക്ഷി ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വൈവിധ്യത്തില്‍ ഐക്യം എന്ന മൂല്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്.

വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ചൂടും നമ്മിലെത്തി യിരിക്കുകയാണ്. . ഇത്തരം സമയങ്ങളില്‍ വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന വര്‍ഗീയ പ്രസ്താവനകളും പ്രവര്‍ത്ത നങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സൗഹൃദവും സഹിഷ്ണുതയും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവ് നിലനില്‍ക്കുന്നത്.

ഈ ചെറിയ പെരുന്നാള്‍ ദിനം നമ്മെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്തുന്ന ഒരു അവസരമാക്കുക. റമളാനില്‍ നേടിയെടുത്ത നല്ല ഗുണങ്ങളെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ട്, സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ നമ്മള്‍ ശ്രമിക്കാം.

എല്ലാവര്‍ക്കും സമാധാനവും ശാന്തിയും ഐശ്വര്യവും സര്‍വശക്തന്‍ പ്രധാനം ചെയ്യട്ടെ. എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്

Cover Story

Related Articles

Recent Articles