ന്യൂഡൽഹി: ഭാരതവും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കരുത്താർജ്ജിക്കുന്നു. ഡൽഹിയിൽ നടന്ന ഉന്നതതല ഇന്ത്യ–അറബ് ലീഗ് ഉച്ചകോടിയിൽ ഉഭയകക്ഷി വ്യാപാരം 215 ബില്യൺ ഡോളറിലേക്ക് ഉയരുമെന്ന് വിലയിരുത്തപ്പെട്ടു. 22 അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത സമ്മേളനത്തിൽ സാമ്പത്തിക-തന്ത്രപരമായ സഹകരണത്തിന് പുതിയ വഴികൾ തുറന്നു.
നിർണായക ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (FICCI) അറബ് കോ-ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ നിർണായക പങ്ക് വഹിച്ചു. ഫിക്കിയും ഇന്ത്യ & അറബ് കൺട്രീസ് ചേംബർ ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രീസ് & അഗ്രികൾച്ചറും (IACCIA) തമ്മിലുള്ള ധാരണാപത്രത്തിൽ ഡോ. സിദ്ദീഖ് അഹമ്മദും ഐ.എ.സി.സി.ഐ.എ സെക്രട്ടറി ജനറൽ ഡോ. വെയിൽ ഔവാദും ഒപ്പുവെച്ചു.
പ്രധാന ആവശ്യങ്ങളും നിർദ്ദേശങ്ങളും:
* അഞ്ചു വർഷത്തെ വിസ: ഫിക്കി അംഗങ്ങൾക്ക് അറബ് രാജ്യങ്ങളിൽ അഞ്ചു വർഷത്തെ വിസ അനുവദിക്കണമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് ആവശ്യപ്പെട്ടു. ഇത് വ്യാപാര രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
* ജി.ഇ.സി 2026 (GEC 2026): 2026 ഫെബ്രുവരി 17 മുതൽ 19 വരെ മുംബൈയിൽ നടക്കുന്ന ‘ഗ്ലോബൽ ഇക്കണോമിക് കോഓപ്പറേഷൻ’ സമ്മേളനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ നേതൃത്വവും ആഗോള നിക്ഷേപകരും പങ്കെടുക്കുന്ന ഈ വേദി ആഗോള സാമ്പത്തിക മാറ്റങ്ങളെ ചർച്ച ചെയ്യും.
* സഹകരണ മേഖലകൾ: ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജ്ജം, ഡാറ്റ സംരക്ഷണം, ബഹിരാകാശ ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.
ഇന്ത്യ ആഗോള വ്യാപാര പങ്കാളി
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ കിർതി വർദ്ധൻ സിംഗ് സമ്മേളന ത്തിൽ മുഖ്യപ്രഭാഷണം നടത്തി. കാർഷിക വ്യാപാരം, ഊർജ്ജം, സാമ്പത്തിക സേവനങ്ങൾ എന്നിവയിലൂടെ ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളിലെ ഇന്ത്യൻ നിക്ഷേപങ്ങൾ ഇന്ത്യയെ ഒരു പ്രധാന ആഗോള വ്യാപാര ശക്തിയാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, ഒമാൻ തുടങ്ങി 22 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടി, നൂറ്റാണ്ടുകളായുള്ള സാംസ്കാരിക-വ്യാപാര ബന്ധത്തിന്റെ തുടർച്ചയാണെന്ന് പ്രഭാഷകർ ഓർമ്മിപ്പിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SMEs) നൽകുന്ന പിന്തുണ വരും വർഷങ്ങളിൽ ഈ പങ്കാളിത്തം കൂടുതൽ ഊർജ്ജ സ്വലമാക്കും.












